സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്നു; കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ചു

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് വെടിയേറ്റു. പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നിക്കി ഭാട്ടിയുടെ ഭർത്താവും പ്രതിയുമായ വിപിന് നേരെ പൊലീസ് വെടിയുയർത്തിയത്. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വിപിന്‍റെ ഭാര്യ നിക്കി മരിച്ചതിനെ തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഉദ്യോഗസ്ഥന്‍റെ കൈയിൽ നിന്നും തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വിപിന്‍റെ കാലിൽ വെടിവച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‌താൻ അവളെ ഒന്നും ചെയ്തിട്ടില്ല. അവൾ സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ എല്ലായിടത്തും സംഭവിക്കാറുണ്ടെന്നും അത് വളരെ സാധാരണമാണ് - വിപിൻ പറഞ്ഞു. വിപിന് വെടിയേറ്റതിൽ തനിക്ക് സന്തോഷമുണ്ട്. ഇത്തരക്കാരെ വെടിവയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. അയാളുടെ നെഞ്ചിലാണ് വെടിവയ്ക്കേണ്ടിയിരുന്നത്. ഓടി രക്ഷപ്പെടുന്നവരെ തൂക്കിലേറ്റണമെന്നും നിക്കിയുടെ അച്ഛൻ പറഞ്ഞു.

2016 ഡിസംബർ 10 നാണ് നിക്കിയുടെയും സഹോദരി കാഞ്ചനയുടെയും വിവാഹം കഴിഞ്ഞത്. സഹോദരന്മാരായ വിപിൻ നിക്കിയെയും, രോഹിത് കാഞ്ചനയെയുമാണ് വിവാഹം ചെയ്തത്. വിവാഹ സമയത്ത് അച്ഛൻ കാർ, ബൈക്ക്, പണം, എന്നിവ സ്ത്രീധനമായി നൽകിയിരുന്നു.

വിവാഹത്തിന് ശേഷവും അച്ഛൻ അവർക്ക് പണം നൽക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം നിക്കിയെ വിപിൻ സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കാഞ്ചന പറഞ്ഞു. വ്യാഴാഴ്ച രാത്രി വിപിന്‍റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും, സഹോദരങ്ങളായ വിപിനും രോഹിതിനും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നും എന്നും കാഞ്ചന പറഞ്ഞു.

സംഭവത്തിന്‍റെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. മറ്റൊരു വിഡിയോ ദൃശ്യത്തിൽ തീപടർന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവിൽ നിലത്തിരിക്കുന്നതും കാണാം. സഹോദരി കാഞ്ചനയാണ് ദൃശ്യങ്ങൾ പകർത്തിയത്.
Previous Post Next Post