ചേർത്തലയിലെ തിരോധാന കേസുകൾ.. സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു…


ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയോട് ചോദ്യം ചെയ്യലിനായി കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും.

അതേ സമയം, പോലീസിനോട് സഹകരിക്കാതെ അന്വേഷണ സംഘത്തി​ന്റെ ചോദ്യങ്ങൾക്ക് ചിരിയും മൗനവും മാത്രമാണ് സെബാസ്റ്റ്യന്റെ മറുപടി. സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. കോട്ടയത്തുനിന്നുള്ള അന്വേഷണ സംഘമാണ് ചേർത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യ​ന്റെ വീട്ടിലെത്തി തെളിവെടുപ്പും പരിശോധനയും നടത്തുന്നത്.

ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ എത്തിച്ച് ഇന്നലെ നടത്തിയ തെളിവെടുപ്പിൽ കൂടുതൽ അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗും ലഭിച്ചിരുന്നു. ഇവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളവും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.

സെബാസ്റ്റ്യന്റെ കസ്റ്റഡി അവസാനിക്കും മുമ്പ് കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോട്ടയത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, സിന്ധു, ഐഷ എന്നിവരുടെ തിരോധാനക്കേസിന്റെ തുടരന്വേഷണവും പുരോഗമിക്കുകയാണ്. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണസംഘവും സെബാസ്റ്റ്യന്റെ വീടും പുരയിടവും പരിശോധന നടത്തും


Previous Post Next Post