സർവകലാശാലയുടെ യോഗങ്ങളിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതെ വന്നതോടെയായിരുന്നു നടപടി. സർവകലാശാലയുടെ ചട്ടത്തിൽ പറയുന്നത് പ്രകാരം തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ പുറത്താക്കാനാകും എന്നത് സ്വാഭാവിക നടപടിയാണ്. സർവകലാശാലയുടെ അടുത്ത് നടന്ന 7 യോഗങ്ങളിലോ ഓൺലൈൻ യോഗങ്ങളിലോ ഐ സി ബാലകൃഷ്ണൻ എംഎൽഎ പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് നടപടി എടുത്തത്.
അതേസമയം സെനറ്റിലേക്ക് തന്നെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ സർവകലാശാല രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. പക്ഷെ ശനിയാഴ്ച ചേർന്ന യോഗത്തിൽ ഇത് പരിഗണിച്ചില്ല. വരാനിരിക്കുന്ന സെനറ്റ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കും. ചർച്ചയിൽ ഭൂരിഭാഗം സെനറ്റംഗങ്ങൾ അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിന് അനുമതി നൽകിയാൽ മാത്രം അദ്ദേഹത്തിന് തന്റെ അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയും.