കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മറ്റൊരു കെട്ടിടത്തിനും ബലക്ഷയം; സി ബ്ലോക്ക് കെട്ടിടത്തിലെ ശുചിമുറി തകർന്നു വീഴാവുന്ന നിലയിൽ






കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മറ്റൊരു കെട്ടിടത്തിനും ഗുരുതരമായ ബലക്ഷയം. സി ബ്ലോക്ക് എന്നറിയപ്പെടുന്ന കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. ഈ കെട്ടിടത്തിലെ 2, 6, 9 വാർഡുകളിലെ ശുചിമുറികൾ അപകടാവസ്ഥയിലാണ്. കെട്ടിടത്തിന്റെ അടിത്തറ ഇളകി ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

ഇതിനെത്തുടർന്ന് അറ്റകുറ്റപ്പണി ബോർഡ് വെച്ച് ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്.കാര്യത്തിന്റെ ഗൗരവം ഇനിയും അധികൃതർ മനസ്സിലാക്കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.
വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ശുചിമുറി കെട്ടിടം ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മിച്ചതെന്ന് ആക്ഷേപമുണ്ട്.
നിലവിൽ കെട്ടിടത്തിന്റെ ഉൾഭാഗത്ത് മോടി പിടിപ്പിക്കാനുള്ള പണികളാണ് നടക്കുന്നത്.

അടിത്തറ ഇളകിയതിനാൽ ഈ സമുച്ചയം പൂർണ്ണമായി പൊളിച്ചുമാറ്റി പുതിയത് പണിയണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതു പരിഗണിക്കാതെയുള്ള അറ്റകുറ്റപ്പണികളാണ് നടക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി ബ്ലോക്കിലാണ് ഈ വാർഡുകൾ പ്രവർത്തിക്കുന്നത്. ശുചിമുറിയുടെ അടിഭാഗത്തെ കല്ലുകൾ ഇളകിയ നിലയിലാണ്.
ശുചിമുറിയിലെ വെള്ളം വലിച്ചെടുത്ത് പ്ലാസ്റ്ററിങ് കുതിർന്നിരിക്കുകയാണ്.
പൈപ്പുകളിൽ ജലമൊഴുക്കിന് തടസ്സമുണ്ടാകുമ്പോൾ നന്നാക്കുന്നതിനായി തറയും ഭിത്തിയും തുരന്നശേഷം കൃത്യമായി അടയ്ക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. അടിത്തറയിലും ഭിത്തിയിലും വെള്ളമിറങ്ങിയതാണ് ബലക്ഷയമുണ്ടാ കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയിലെ പതിനാലാം വാർഡിലെ ശുചിമുറിതകർന്ന് രോഗിയുടെ ബന്ധു മരിച്ച സംഭവം നടന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു.
Previous Post Next Post