വര്‍ണക്കാഴ്ചകളുമായി ഇന്ന് അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം





കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ മൈതാനിയില്‍ ഇന്നു രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും.

കെ ബാബു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാകും നഗരം സാക്ഷിയാകുക. നഗരം ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും.

വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാര്‍ ഘോഷയാത്രയില്‍ അണിനിരക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കളമത്സരം നടക്കും. മൂന്നുമുതല്‍ രാത്രി പത്തുവരെ അത്തപ്പൂക്കള പ്രദര്‍ശനവും നടക്കും. വിവിധ കലാമത്സരങ്ങളും നടക്കും. അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കും കാണികള്‍ക്കും ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം

അത്തച്ചമയ ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
أحدث أقدم