ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് ഹനുമാൻ ആണെന്ന പരാമർശം നടത്തി മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂർ.ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചത്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നീല്‍ ആംസ്‌ട്രോങ് എന്ന് മറുപടി നല്‍കി. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണ് എന്നാണ് താന്‍ കരുതുന്നതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞത്. ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്‍ ജിയാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുമുണ്ട്.പിന്നാലെ വ്യാപകമായി വിമർശനം നേരിടുന്നുണ്ട്.