ദുബായ്: നാട്ടിലും വിദേശത്തും പ്രവാസി ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങള്‍ക്ക് സൗജന്യ നിയമസഹായവുമായി ദുബായില്‍ നീതിമേള. കൊച്ചി ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യാ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ സർവീസ് സൊസൈറ്റിയുമായി (എംഎസ്എസ്) സഹകരിച്ച് നടത്തുന്ന നീതിമേള സെപ്തംബർ 21ന് ദുബായ് പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ നടക്കും. വിവിധ നിയമ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളും നിയമ സഹായങ്ങളും നൽകുന്ന നീതിമേളയ്ക്ക് അഭിഭാഷകരും സാമൂഹിക പ്രവർത്തകരും അടങ്ങിയ സംഘം നേതൃത്വം നൽകും. പാസ്പോർട്ട്, വിസ, ആധാർ കാർഡ് തുടങ്ങി വിവിധ സിവിൽ, ക്രിമിനൽ കേസുകളിൽ വിദഗ്ധ അഭിഭാഷകരുടെ നിയമോപദേശം ലഭ്യമാകും.നാട്ടിലെ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നേരിട്ടോ ബന്ധുക്കളോ സുഹൃത്തുക്കളോമുഖേനെയോ നീതിമേളയിൽ പങ്കെടുത്തു പ്രശ്നപരിഹാരം തേടാം. നാട്ടിൽ പരിഹരിക്കാനാകുന്ന വിഷയങ്ങളിൽ പിൽസ് നേരിട്ട് ബന്ധപ്പെട്ടു പരിഹാരം കണ്ടെത്താൻ ശ്രമിക്കും. പ്രവാസികളിൽ നിർധനർക്ക് നാട്ടിൽ പോകാൻ വിമാന ടിക്കറ്റ് നൽകുമെന്ന് സംഘാടകർ സൂചിപ്പിച്ചു. നീതിമേളയുടെ പോസ്റ്റർ ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.ഐ. സലീം പുറത്തിറക്കി. വിവരങ്ങൾക്കും റജിസ്ട്രേഷനും 0559006929.