ഓണം അടുത്തെത്തുമ്പോഴും വിലക്കയറ്റം പിടിച്ചു നിർത്താൻ ഒന്നും ചെയ്യാൻ പിണറായി വിജയൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അരിയും പലവ്യഞ്ജനങ്ങളും മുതൽ പച്ചക്കറിയും മത്സ്യമാംസാദികളും വരെ എല്ലാത്തിനും വിപണിയിൽ തീവിലയാണ്.
ഓണമടുക്കുന്നതോടെ ഇത് ഇനിയുമുയരാൻ തന്നെയാണ് സാധ്യത. അത് കൊണ്ട് തന്നെ ഓണം ഉണ്ണണമെങ്കിൽ കാണം വിൽക്കേണ്ട ഗതികേടിലാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് കേരളത്തിലെ പണപ്പെരുപ്പം ദേശീയ ശരാശരിയുടെ ഏഴിരട്ടിയോളം വരും.
രാജ്യത്തിൻ്റെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ എട്ട് വർഷത്തെ താണനിലയായ 1.55 ശതമാനത്തിലേക്ക് എത്തിയപ്പോൾ കേരളത്തിലത് 8.89ലേക്ക് കുതിച്ചുയർന്നു. കഴിഞ്ഞ ഏഴ് മാസമായി പണപ്പെരുപ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ഇത്രയും കാലത്തിനിടെ അത് പിടിച്ചുനിർത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഓരോ മാസവും കുതിച്ചുയരുകയും ചെയ്യുന്നു. കഴിഞ്ഞൊരു മാസത്തിനിടെ മാത്രം 2.18 ശതമാനത്തിൻ്റെ വർധനയാണ് പണപ്പെരുപ്പത്തിലുണ്ടായത്. ഒരു സർക്കാരിൻ്റെ കെടുകാര്യസ്ഥതയ്ക്ക് ഇതിനുമപ്പുറമൊരു തെളിവ് വേണ്ട.