ശമ്പളം നിഷേധിക്കപ്പെട്ട അധ്യാപികയുടെ ഭർത്താവി​ന്റെ മരണം; വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു


പത്തനംതിട്ടയിൽ അധ്യാപികയുടെ ശമ്പളം 14 വർഷമായി തടഞ്ഞുവച്ചതോടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ, സൂപ്രണ്ട് എസ്. ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ. ബിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുമുണ്ട്.

എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയുടെ ശമ്പളം തടഞ്ഞുവെച്ചതോടെ പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോയാണ് ആത്മഹത്യ ചെയ്തത്. ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയാണ്. 14 വർഷത്തെ ശമ്പളമാണ് കിട്ടാനുള്ളത്.

പണം നൽകണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ പലതവണ ഡിഇഒ ഓഫീസിൽ കയറിയിറങ്ങി. ഡിഇഒ ഓഫീസിലെ സൂപ്രണ്ടും ക്ലർക്കുമാരും മോശമായി സംസാരിച്ചു. പണം കിട്ടാതെ വന്നതോടെ ഈറോഡിൽ മകന്റെ എൻജിനീയറിങ് പ്രവേശനത്തിന് പണം അടയ്ക്കാൻ ഇല്ലാതെയായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാറാണംമൂഴിയിലെ സിപിഎം നേതാവും കർഷകസംഘം ജില്ലാ കമ്മറ്റിയംഗവുമായ അച്ഛൻ ത്യാഗരാജൻ പറഞ്ഞു.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ഇന്ന് തന്നെ പ്രാഥമിക നടപടിയെടുക്കും. പരാതിയുമായി അധ്യാപികയുടെ കുടുംബം തന്നെ കാണാനായി എത്തിയതാണ്. ശമ്പളം നൽകണമെന്ന് നിർദ്ദേശം നൽകിയതുമാണ്. ആരുടെ ഭാഗത്താണ് വീഴ്ച എന്ന് പരിശോധിക്കും. വീഴ്ചയ്ക്ക് കാരണം ഓരോ സീറ്റിലും ഇരിക്കുന്നവരാണെന്നും വിദ്യാഭ്യാസ ശിവൻകുട്ടി പറഞ്ഞു.

أحدث أقدم