ബിജെപി വാദം ആവർത്തിച്ച് വീണ്ടും തരൂർ.. ‘മോദിയെ ട്രംപ് ഇന്ത്യ-പാക് സംഘർഷ സമയത്ത് വിളിച്ചിട്ട് പോലുമില്ല…




ന്യൂഡൽഹി ::ഇന്ത്യ പാക് സംഘർഷത്തിൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും വാദം ആവർത്തിച്ച് വീണ്ടും കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ-പാക് സംഘർഷം ഒത്തുതീർപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടിട്ടില്ലെന്ന് ശശി തരൂർ ഒരു ലേഖനത്തിൽ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, ട്രംപ് ‘വല്യമ്മാവൻ’ ചമയുകയാണെന്ന് ഇന്ത്യ കരുതുന്നതായും പറഞ്ഞു.

ട്രംപ് മോദിയെ സംഘർഷ സമയത്ത് വിളിച്ചിട്ടു പോലുമില്ലെന്നും തരൂർ പറയുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ -പാകിസ്ഥാൻറെ തലയ്ക്കാണ് അടിച്ചത്. നേരത്തെ പാർലമെന്റിൽ വിഷയത്തിന്മേൽ വിശദമായ ചർച്ച നടന്നിരുന്നു. പ്രധാനമായും 3 ചോദ്യങ്ങളാണ് പ്രതിപക്ഷം സഭയിൽ ചോദിച്ചത്. പെഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായതാണ് അതിൽ ഒന്നാമത്തേത്. ഇന്ത്യ മേൽക്കൈ നേടി നിൽക്കുന്ന വേളയിൽ വെടിവെപ്പ് നിർത്താൻ കാരണമെന്താണെന്നാണ് രണ്ടാമത്തെ ചോദ്യം.വ്യാപാര കരാർ ഉപയോഗിച്ച് ഇന്ത്യ- പാക് സംഘർഷം തീർപ്പാക്കിയത് താനാണെന്ന് ട്രംപ് അവകാശവാദമുന്നയിക്കുന്നതിനെ എന്തുകൊണ്ട് മോദി തടയുന്നില്ലെന്നാണ് പ്രതിപക്ഷം ഉയർത്തിയ മറ്റൊരു ചോദ്യം. ട്രംപ് പറയുന്നത് തെറ്റാണെന്ന് എന്ത് കൊണ്ട് പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നില്ലെന്നാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്.

എന്നാൽ കേന്ദ്രത്തിന്റെ വാദങ്ങൾ ആവർത്തിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ, പാകിസ്ഥാനെ ശക്തമായി ആക്രമിച്ചു, പാകിസ്ഥാന്റെ 11 വ്യോമ കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. ഇതാകാം പാകിസ്ഥാൻ പിൻമാറാൻ കാരണമെന്നാണ് കേന്ദ്രവാദങ്ങൾ ചൂണ്ടിക്കാട്ടി തരൂർ പറയുന്നത്. ട്രംപ് ഒരു പക്ഷേ പാകിസ്ഥാനെ വിളിച്ചിട്ടുണ്ടാകാം. പക്ഷേ ഇന്ത്യയെ വിളിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വാദങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്ത് തരൂർ പറയുന്നു. വ്യാപാരത്തിൽ യുഎസ് വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയെന്നും ലേഖനത്തിൽ തരൂർ ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post