
അമ്പലപ്പുഴ: മദ്യപിച്ച് കടലിൽ ഇറങ്ങിയ യുവാവ് ഒരു മണിക്കൂറോളം ടൂറിസം പോലീസിനെയും കോസ്റ്റൽ പോലീസിനെയും മുൾമുനയിൽ നിർത്തി. ആലപ്പുഴ വാടകയ്ക്കൽ വട്ടത്തിൽ ഹൗസിൽ റോഷൻ (48) ആണ് ആലപ്പുഴ ബീച്ചിൽ അയ്യപ്പൻ പൊഴിക്കു സമിപം മദ്യപിച്ചു കടലിൽ ഇറങ്ങിയിട്ട് തിരിച്ച് കയറാതിരുന്നത്. അമിതമായി മദ്യപിച്ചു കടലിൽ ഇറങ്ങിയ യുവാവിനെ ഒടുവിൽ സാഹസികമായി കോസ്റ്റൽ വാർഡൻമാരായ റോബിൻ ജെറോം, രഞ്ജിത്ത് എന്നിവർ പൊന്തുവള്ളത്തിൽ ചെന്ന് കരയ്ക്ക് എത്തിച്ചു. ടൂറിസം പോലീസ് ഉദ്യോഗസ്ഥരായ സബ് ഇൻസ്‌പെക്ടർ രാജേഷ്, പോലീസ് ഉദ്യോഗസ്ഥരായ മാർഷൽ, അജയൻ, ധനേഷ്, അർത്തുങ്കൽ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥനായ സുനീഷ്, കോസ്റ്റൽ വാർഡൻ രഞ്ജിത്, റോബിൻ ജെറോം എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.