താമരശേരി ചുരത്തിലെ മണ്ണിടിച്ചില്‍; കല്ലും മണ്ണും നീക്കാനുള്ള ശ്രമം തുടരും, വാഹനങ്ങള്‍ കടത്തിവിടില്ല...




താമരശേരി ചുരത്തില്‍ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തും. കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങള്‍ കടത്തി വിടൂ.

മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന പൂര്‍ത്തിയായ ശേഷമാകും ഗതാഗതം പുനസ്ഥാപിക്കുക. ലക്കിടിയിലും അടിവാരത്തും വാഹനങ്ങള്‍ തടയും. കോഴിക്കോട്- വയനാട് യാത്രക്ക് കുറ്റ്യാടി ചുരം വഴിയുള്ള പാതയും മലപ്പുറം- വയനാട് യാത്രക്ക് നിലമ്പൂര്‍ നാടുകാണി ചുരം പാതയും ഉപയോഗിക്കാനാണ് നിര്‍ദേശം. രാവിലെ 10 മണിയോടെയെങ്കിലും ഗതാഗതം പഴയനിലയില്‍ പുനസ്ഥാപിക്കാനാണ് നീക്കം.

ഇന്നലെ രാത്രി 7.30ടെയാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണത്. 75 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് പാറകള്‍ കുത്തിയൊലിച്ച് എത്തിയത്. ഇന്നലെ രാത്രിയില്‍ തന്നെ ഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നു.

താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. രാത്രി 11ന് ശേഷം വന്ന വാഹനങ്ങള്‍ അടിവാരത്ത് തടഞ്ഞിരുന്നു. ജില്ലാ കലക്ടര്‍, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുള്‍പ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
أحدث أقدم