രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. രാഹുൽ രാജിവെക്കണമെന്ന് വനിതാ നേതാക്കളടക്കം ആവശ്യം ഉന്നയിച്ചതോടെ കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. രാഹുലിന്‍റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ രാഹുൽ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രീയമായി ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസിൽ അഭിപ്രായമുയരുന്നുണ്ട്. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിക്കായി പാർട്ടിയിൽ സമ്മർദം ശക്തമാകുന്നത്. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ഏറ്റുപിടിച്ച് കൂടുതൽ നേതാക്കൾ ഇന്ന് രംഗത്തെത്തി.
രമേശ് ചെന്നിത്തലയും രാവിലെ രാജി ആവശ്യം ശക്തമാക്കിയിരുന്നു. രാഹുൽ എത്രയും വേഗം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന നിലപാട് വിഎം സുധീരനും പാര്‍ട്ടി കൂടിയാലോചനയിൽ നേതാക്കളെ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, ദീപാ ദാസ് മുൻഷി എന്നിവരെയാണ് വിഎം സുധീരൻ ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം രാഹുലിന്‍റെ രാജി ആവശ്യപ്പെടണമെന്ന് ഇന്ന് രാവിലെ തന്നെ സുധീരൻ നേതാക്കളെ അറിയിച്ചതായാണ് വിവരം.
ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഒഴിയണമെന്ന് വനിതാ നേതാക്കളും ആവശ്യപ്പെട്ടു. രാഹുലിനെതിരെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും തുറന്നടിച്ചു. രാജിയുടെ കാര്യത്തിൽ രാഹുൽ വ്യക്തത വരുത്തുന്നില്ലെന്നും രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും ജോസഫ് വാഴക്കൻ തുറന്നടിച്ചു.ഇത്തരം വിഴുപ്പുകള്‍ ചുമക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും ജോസഫ് വാഴക്കൻ വ്യക്തമാക്കി. രാഹുലിനോട് രാജിവെക്കാൻ ആവശ്യപ്പെടണം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പുറത്താക്കണമെന്ന് ജോസഫ് വാഴക്കൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്‍റെ രാജി ആവശ്യപ്പെട്ടില്ലെങ്കിലും കൂടുതൽ വനിതാ നേതാക്കള്‍ ഇന്ന് രാജി ആവശ്യം പരസ്യമായി ഉന്നയിച്ചു.