ആകാശത്ത് ഓണാഘോഷം; യാത്രക്കാർക്ക് ഓണസദ്യയൊരുക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്






ഓണത്തോടനുബന്ധിച്ച് കേരളത്തിലെ യാത്രക്കാർക്കായി ഓണസദ്യയൊരുക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കൊപ്പം മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഓണസദ്യയൊരുക്കുക. ഓ​ഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ആറ് വരെയാണ് യാത്രക്കാർ‌ക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഓണസദ്യയൊരുക്കുന്നത്. യാത്രക്കാർക്ക് 18 മണിക്കൂർ മുമ്പ് തന്നെ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഓണത്തിന്റെ പൂർണ്ണമായ അനുഭവം നിലനിർത്തിക്കൊണ്ട്, വാഴയിലയിൽ വിളമ്പുന്ന മട്ട അരി, നെയ്പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം എന്നിവ എയർ ഇന്ത്യ എക്സ്പ്രസിന്റെ ആകാശത്തെ ഓണസദ്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കസവ് കരയുള്ള പ്രത്യേക പാക്കറ്റുകളിലാണ് ഈ വിഭവങ്ങൾ യാത്രക്കാർക്ക് നൽകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റായ airindiaexpress.com-ലൂടെയാണ് ഓണസദ്യ ബുക്ക് ചെയ്യേണ്ടത്. 500 രൂപ ബുക്ക് ചെയ്യുന്നതിന് നൽകണം.


Previous Post Next Post