
ശബരിമല പ്രക്ഷോഭകാലത്ത് ഹൈന്ദവ സംഘടന പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ കരുനാഗപ്പള്ളി പോലിസ് സബ്ബ് ഇൻസ്പെക്ടറായിരുന്ന മഹേഷ് പിള്ള, സി.പി.ഓ ശ്രീകുമാർ എന്നിവർ കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സംസ്ഥാനത്ത് പോലിസ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയെടുത്ത ആദ്യ കേസാണ് ഇത്.
ശബരിമലയിൽ ആചാര വിരുദ്ധമായി യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ കരുനാഗപ്പള്ളിയിൽ നടന്ന പ്രക്ഷോഭത്തിൽ ഹൈന്ദവ സംഘടന പ്രവർത്തകനായ കെ.ആർ രാജേഷിനെ ക്രൂരമായി ആക്രമിച്ച പോലിസ് ഉദ്യോഗസ്ഥർക്കെതിരെ കരുനാഗപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ.പ്രതാപ്.ജി പടിക്കൽ മുഖേന ഫയൽ ചെയ്ത കേസിൽ പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംഭവ കാലത്ത് കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനിൽ ചുമതലയുണ്ടായിരുന്ന പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടത്.
കേസിൽ വാദിക്ക് വേണ്ടി അഭിഭാഷകരായ പ്രതാപ്.ജി പടിക്കൽ, ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.