ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം വരുന്നു.. വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസ്…





തിരുവനന്തപുരം : സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം വരുന്നു. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം മുമ്പ് മുൻ‌കൂർ അനുമതി വാങ്ങണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.

വിദൂര സ്ഥലങ്ങളിൽ നിന്നും വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നതിനാണ് നിയന്ത്രണം. ഇത്തരത്തിൽ കെട്ടുകാഴ്ചകൾ കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായാൽ വൈദ്യുതി ലൈനുകൾ അഴിക്കേണ്ടാത്ത രീതിയിൽ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തേണ്ടിവരും. പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും മുൻകൂർ അനുമതി വാങ്ങുകയും വൈദ്യുതിലൈനുകളിൽ മുട്ടുന്ന സാഹചര്യം കണ്ടെത്തിയാൽ വൈദ്യുതിലൈനുകൾ അഴിച്ചുമാറ്റി പുനഃസ്ഥാപിക്കേണ്ട ചെലവും ഉത്സവക്കമ്മിറ്റി വഹിക്കേണ്ടിവരും. ഉത്സവ സീസണ്‍ ആറ് മാസം മുമ്പ് ക്രമീകരണങ്ങൾ പൂർത്തിയാക്കണം. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. കെട്ടുത്സവങ്ങൾ, കാവടി ഉത്സവം, ഗണേശ ചതുർത്തിക്കും ഉത്തരവ് ബാധകമായേക്കും.

ഓരോ വർഷവും കെട്ടുത്സവത്തിന്റെ ഉയരം കൂട്ടുന്നത് ഒഴിവാക്കണമെന്നും ഉത്സവങ്ങളിലെ വൈദ്യുത സുരക്ഷ സംബന്ധിച്ച് കെ.എസ്.ഇ.ബി കഴിഞ്ഞ വർഷം മാർച്ച് 30 ന് ഊർജവകുപ്പിന് സമർപ്പിച്ച കത്തിന്റെ തുടർനടപടിയാണിത്. പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും മുൻകൂർ അനുമതി ഉത്സവ കമ്മിറ്റി ഒരുമാസം മുമ്പെങ്കിലും വാങ്ങണം. അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും മറ്റ് നിയമപ്രകാരവും നടപടി സ്വീകരിക്കാനാണ് തീരുമാനം. തെക്കൻ ജില്ലകളിലെ കെട്ടുത്സവങ്ങൾ മധ്യകേരളത്തിലെ കാവടി ഉൽസവം, ഗണേശചതുർത്തി പോലെ വലിയ രൂപങ്ങൾ ആഘോഷപൂർവം കൊണ്ടുവരുന്ന ഉത്സവാഘോഷങ്ങൾ എന്നിവയിലാണ് വൈദ്യുതി ലൈനുകളുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
أحدث أقدم