രാത്രിയില്‍ നാലുമണിക്കൂര്‍ നിര്‍ത്താതെ മഴ; അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; മലക്കപ്പാറ റൂട്ടില്‍ വെളളക്കെട്ട്




തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രി നാലുമണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്ത സാഹചര്യത്തിലാണ് തീരുമാനം. മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുക.

ഇന്ന് (തിങ്കളാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച വടക്കന്‍ ജില്ലകളിലാണ തിവ്രമഴയ്്ക്ക് സാധ്യത. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട,ആ ലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ കനത്ത മഴയ്ക്ക് കുറവുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് തീവ്രമഴ മുന്നറിയിപ്പ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതൽ ഏഴാം തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
أحدث أقدم