സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്


സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കടം വീട്ടാൻ ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഒപ്പിട്ടു നൽകാത്തതിനെത്തുടർന്നാണ് വയോധികനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാളിലാണ് സംഭവം. മഹാദേശ്വരനഗറിലെ 64 കാരനായ പാപണ്ണയാണ് 54 കാരിയായ ഭാര്യ ഗായത്രിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഭാര്യയും കുട്ടികളുമൊത്ത് പാപണ്ണ താമസിച്ചിരുന്ന സ്ഥലത്താണ് സംഭവം. ഏറെ നാളായി ഗായത്രിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു ഇയാൾ. ഇതിനായി തലയിണക്കടിയിൽ വെട്ടുകത്തി ഒളിപ്പിച്ചു വെച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്ഥലങ്ങൾ വാങ്ങി വീടുകൾ നിർമിച്ച് വിൽപന നടത്തുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പാപണ്ണക്ക് ഇടപാടുകളിൽ കനത്ത നഷ്ടം നേരിട്ടിരുന്നു. വൻതോതിലുള്ള വായ്പകൾ തിരിച്ചടക്കാനാവാതെ കുടുങ്ങിയ ഇയാൾ, ഗായത്രിയുടെ പേരിലുള്ള സ്വത്ത് വിൽപന നടത്താൻ രേഖകളിൽ ഒപ്പിട്ടു നൽകണ​മെന്ന് ആവശ്യപ്പെടു. എന്നാൽ മക്കളും ഗായത്രിയും വിസമ്മതിച്ചു. ഇതിന്റെ പേരിൽ കുടുംബവുമായി പതിവായി വഴക്കുണ്ടാക്കിയിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം മക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഭാര്യയുമായി വീണ്ടും തർക്കിക്കുകയും കോപാകുലനായ പാപണ്ണ ഗായത്രിയെ ആക്രമിക്കുകയുമായിരുന്നു. തലയിലും നെഞ്ചിലും വയറ്റിലും ഒന്നിലധികം തവണ വെട്ടി. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗായത്രിയെയാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ, പ്രതി വിജയനഗർ പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് ഇൻസ്പെക്ടർ എസ്.ഡി. സുരേഷ് കുമാറിനോടും സഹപ്രവർത്തകരോടും സംഭവം വിവരിച്ചു.

കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പാപണ്ണയെ കസ്റ്റഡിയിലെടുത്തു. ഗായത്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൈസൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.

സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ, ഡെ. പൊലീസ് കമ്മീഷണർ (ക്രൈം ആൻഡ് ട്രാഫിക്), കെ.എസ്. സുന്ദർ രാജ്, വിജയനഗർ സബ് ഡിവിഷൻ എസിപി രവിപ്രസാദ് എന്നിവർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരെയും ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചു.

Previous Post Next Post