ക്രൈസ്തവ കൂട്ടായ്മയുടെ അത്താഴ വിരുന്നിന് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ അക്രമണം; കേസെടുക്കാതെ പോലീസ്


മലയാളി കന്യാസ്ത്രികളുടെ അന്യായമായ അറസ്റ്റിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ വീണ്ടും ക്രൈസ്തവ വേട്ടയുടെ വാര്‍ത്തകള്‍ പുറത്തു വരുന്നു. കഴിഞ്ഞ മാസം 29 ന് ജാര്‍ഖണ്ഡിലെ വ്യവസായ നഗരമായ ജംഷഡ്പൂരില്‍ ക്രൈസ്തവ പ്രാര്‍ത്ഥന ഗ്രൂപ്പിന് നേരെ ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചു വിട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.

രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വ്യവസായ നഗരമാണ് ജംഷഡ്പൂര്‍. ഗോള്‍മുറി എന്ന സ്ഥലത്തെ ഹൗസിംഗ് കോളനിയിലെ ക്രിസ്ത്യാനികളായ ഒരു കുടുംബം സംഘടിപ്പിച്ച അത്താഴ വിരുന്നിലേക്ക് നൂറോളം വരുന്ന തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇരച്ചുകയറി കുട്ടികളേയും സ്ത്രീകളേയും അതിക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. മതപരി വര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വീട്ടിലുണ്ടായിരുന്ന ബൈബിളും മറ്റ് ആരാധനാ സാമഗ്രികളും പിടിച്ചെടുത്തു കൊണ്ടുപോയി. പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. അക്രമം സംബന്ധിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും പോലീസ് അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഹൗസിംഗ് കോളനിയിലെ രണ്ട് ഫ്‌ളാറ്റുകളിലായാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. 21 ദിവസമായി നടന്നു വന്ന ഉപവാസ പ്രാര്‍ത്ഥനയുടെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു വിരുന്നൊരുക്കിയത്. 50 പേരടങ്ങുന്ന കൂട്ടായ്മക്ക് ഇടയിലേക്കാണ് അക്രമികള്‍ ഇരച്ചു കയറിയതെന്ന് പ്രാദേശിക സഭയുടെ പാസ്റ്ററായ ജിത്തു ലീമ (Jitu Lima) പറഞ്ഞു. സ്ത്രീകളേയും കുട്ടികളേയും മണിക്കുറുകളോളം മുറിയില്‍ പൂട്ടിയിട്ടു. ജംഷഡ്പൂരില്‍ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതും ഭയാനാകുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ അജയകുമാര്‍ സിംഗ് പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (Jharkhand Mukti Morcha ) സര്‍ക്കാരാണിവിടെ ഭരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ജാര്‍ഖണ്ഡിലെ മുന്‍ ബിജെപി സര്‍ക്കാര്‍ ആരംഭിച്ച അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേരുമാറ്റി മദര്‍ തെരേസ അഡ്വാന്‍സ്ഡ് ക്ലിനിക്കുകളാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി പ്രതിഷേധത്തിലാണ്. നഗരങ്ങളിലെ ചേരിപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളായ അടല്‍ മൊഹല്ലകളുടെ പേര് മദര്‍ തെരേസ അഡ്വാന്‍സ്ഡ് ക്ലിനിക്കുകളാക്കി മാറ്റാന്‍ തീരുമാനിച്ചതിനെതിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ക്രിസ്ത്യന്‍ വിരുന്നിലെ ആക്രമണമെന്ന് പോലീസ് കരുതുന്നുണ്ട്.
Previous Post Next Post