പാലിയേക്കര ടോള്‍: ഹൈക്കോടതി ഉത്തരവിനെതിരേ NHAI സുപ്രീംകോടതിയില്‍


        

തൃശൂർ പാലിയേക്കരിയിലെ ടോള്‍പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍എച്ച്എഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ തടഞ്ഞിരിക്കുന്നത്.

ദേശീയപാതയുടെ ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ദേശീയപാതാ അതോറിറ്റിക്ക് കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഹൈക്കോടതി ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖും ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവര്‍ ഫയല്‍ചെയ്ത ഹര്‍ജികളിലാണ് നടപടി.

ഫെബ്രുവരി മുതല്‍ സമയംനല്‍കിയിട്ടും പ്രശ്‌നപരിഹാരത്തിന് ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ടോള്‍ കൊടുക്കുകയെന്നത് യാത്രക്കാരുടെ നിയമപരമായ ബാധ്യതയാണ്. എന്നാല്‍, സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതില്‍ വീഴ്ചവരുമ്പോള്‍ ടോള്‍ ആവശ്യപ്പെടാന്‍ ദേശീയപാതാ അതോറിറ്റിക്കും കരാറുകാര്‍ക്കും കഴിയില്ല. രണ്ടുമുതല്‍ മൂന്നുമണിക്കൂര്‍വരെ ഗതാഗതക്കുരുക്കാണിപ്പോളിവിടെ. 65 കിലോമീറ്റര്‍ ദൂരത്തില്‍ നാലുകിലോമീറ്ററില്‍ മാത്രമേ ഗതാഗതക്കുരുക്കുള്ളൂവെന്ന ദേശീയപാതാ അതോറിറ്റിയുടെ നിലപാട് കോടതി തള്ളി.

പ്രശ്‌നപരിഹാരത്തിനായി ജൂലായ് 17-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നാലാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാഹനങ്ങള്‍ തിരിച്ചുവിടുന്ന സര്‍വീസ് റോഡുകള്‍ ദിവസവും പരിശോധിച്ച് സഞ്ചാരയോഗ്യമാക്കണം, മുരിങ്ങൂരില്‍ ഗതാഗതം സുഗമമാക്കാന്‍ പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണം, ആമ്പല്ലൂരില്‍നിന്ന് ടോള്‍പ്ലാസവരെയുള്ള ഭാഗത്തെ സര്‍വീസ് റോഡിന്റെയും മറ്റുറോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണം, മുരിങ്ങൂരിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ കാറുകളടക്കമുള്ള ചെറുവാഹനങ്ങള്‍ തിരിച്ചുവിടണം എന്നിവയാണ് നിര്‍ദേശങ്ങള്‍.

Previous Post Next Post