
ബർത്ത്ഡേ പാർട്ടിക്ക് ശേഷം പോകാനിറങ്ങിയ 20 വയസ്സുകാരിയെ തടഞ്ഞ് കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്തുക്കൾ. കൊൽക്കത്തയിലെ റീജന്റ് പാർക്ക് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതികളായ സുഹൃത്തുക്കളായ ചന്ദൻ മാലിക്, ദീപ് എന്നിവരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ഇവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ദീപ് സർക്കാർ ഉദ്യോഗസ്ഥനാണെന്നും പൊലീസ് പറഞ്ഞു. ഹരിദേവ്‌പുർ സ്വദേശിനിയായ യുവതിയാണു പീഡനത്തിനിരയായത്.
വെള്ളിയാഴ്ച യുവതിയുടെ ജന്മദിനമായിരുന്നു. ഇതിന്റെ ആഘോഷത്തിനായി ചന്ദൻ, യുവതിയുമായി ദീപിന്റെ ഫ്ലാറ്റിലേക്കു പോയി. ഭക്ഷണത്തിനുശേഷം മടങ്ങാനൊരുങ്ങിയ യുവതിയെ ഇരുവരും ചേർന്നു തടയുകയും മുറിക്കുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെ യുവതി ഫ്ലാറ്റിൽനിന്നു രക്ഷപ്പെട്ടു. ഇതിനുശേഷം വീട്ടിലെത്തിയ യുവതി, വിവരം വീട്ടിൽ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
മാസങ്ങൾക്ക് മുൻപ്, തെക്കൻ കൊൽക്കത്തയിലെ ദുർഗാ പൂജ കമ്മിറ്റി അധ്യക്ഷനാണെന്നു പറഞ്ഞാണ് ചന്ദൻ, യുവതിയെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ഇയാൾ വഴിയാണ് ദീപിനെയും പരിചയപ്പെട്ടത്. തുടർന്നു മൂവരും അടുത്ത സുഹൃത്തുക്കളായി. യുവതിയെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താമെന്ന് ചന്ദൻ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.