കാൽതൊട്ടു വണങ്ങിയില്ല.. 31 വിദ്യാർത്ഥികളെ മുളവടി കൊണ്ട് തല്ലിച്ചതച്ച് അധ്യാപിക…


        
കാൽ തൊട്ട് വണങ്ങാതിരുന്നതിന് വിദ്യാർത്ഥികളെ തല്ലിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂളിലെ പ്രാർത്ഥനയ്ക്ക് ശേഷം കാൽ തൊട്ട് വണങ്ങാതിരുന്നതിന് 31 വിദ്യാർത്ഥികളെയാണ് അധ്യാപിക അടിച്ചത്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഖണ്ഡദേവുല അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപികയായ സുകാന്തി കർ ആണ് വിദ്യാർത്ഥികളെ മുളവടി കൊണ്ട് അടിച്ചത്.

രാവിലെ അസംബ്ലിയിലെ പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിലേക്ക് പോയി. തുടർന്ന് തന്റെ കാൽ തൊട്ട് വണങ്ങാത്തത് എന്താണെന്ന് ചോദിച്ച് അധ്യാപിക ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ ചില വിദ്യാർത്ഥികളുടെ അടുത്തേക്ക് ചെന്നു. തന്നെ അനുസരിക്കാത്ത കുട്ടികളെ അധ്യാപിക മുളവടി ഉപയോഗിച്ചാണ് അടിച്ചത്. 31 വിദ്യാർത്ഥികൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ ബെറ്റ്നോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപികക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.

ഹെഡ്മാസ്റ്റർ പൂർണചന്ദ്ര ഓജ അറിയിച്ചതിനെ തുടർന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) ബിപ്ലബ് കർ, സിആർസിസി ദേബാശിഷ് സാഹു, സ്കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അന്വേഷണം നടത്തി. പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ട് മൊഴിയെടുത്തു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബിഇഒ അധ്യാപികയെ സസ്പെൻഡ് ചെയ്തത്


أحدث أقدم