ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുട്ടിക്ക് പുതുജീവൻ. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് മരിച്ചെന്ന് ഡോക്ടർമാർ വിധിച്ച കുഞ്ഞ് സംസ്കരിക്കാൻ കൊണ്ടുപോകുമ്പോൾ കരഞ്ഞത്. സ്വകാര്യ ആശുപത്രിയുടെ ക്രൂരതയ്ക്കിരയായ കുഞ്ഞ് മറ്റൊരു സ്വകാര്യ ആശുപത്രിയുടെ ഐടി യുവിൽ ചികിത്സയിലാണ്.
കർണാടകയിലെ ചിക്കമഗളുരു ജില്ലയിലെ ലോകാവലി എന്ന ഗ്രാമത്തിലെ നിർധന ദമ്പതിമാരാണ് സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയ്ക്ക് ഇരയായത്. പനി ബാധിച്ച കുഞ്ഞുമായാണ് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയത്. മൂന്നുദിവസം ആശുപത്രി അധികൃതർ കിടത്തി ചികിത്സിച്ചു. ഓക്സിജൻ സപ്പോർട്ടും നൽകി. പിന്നീട് കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് വ്യക്തമാക്കിയ ഡോക്ടർമാർ ഓക്സിജൻ ട്യൂബ് നീക്കി കുട്ടി മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.
തുടർന്ന് ആംബുലൻസിൽ സംസ്കരിക്കാൻ കൊണ്ടുപോകുമ്പോഴാണ് കുഞ്ഞ് ഉറക്കെ കരഞ്ഞത്. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ആംബുലൻസുകളുടെ സഹായത്തോടെ കുഞ്ഞിനെ ഹാസനിലെ എച്ച് എം എസ് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഈ ആശുപത്രിയിലെ ഐസിയുവിലാണ് കുട്ടി ഉള്ളത്. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം വിവാദമായതോടെ കുഞ്ഞിനെ ആദ്യം ചികിത്സിച്ച ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലാത്തതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. പരാതി കിട്ടിയാൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.