ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ കൂട്ടിരുന്നത് 3 ദിവസം.. തറയിൽ കിടന്ന മൃതദേഹത്തിൽ..


ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു. എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഗോപിയുടെ ഭാര്യ ഷീല. ഗോപി മരിച്ചത് ഷീലയ്ക്ക് മനസിലാകാതെ വന്നതാവാം വിവരം പുറത്തറിയാൻ വൈകിയതെന്ന് കരുതുന്നു. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം ഇതേ വീട്ടിൽ കഴിഞ്ഞ ഷീലയ്ക്ക് മൃതദേഹത്തിൽ പുഴുവരിച്ചിട്ട് പോലും ഗോപി മരിച്ചെന്ന് മനസിലായില്ല.

ഞായറാഴ്ച രാവിലെയാണ് ഗോപിയെ അവസാനമായി ജീവനോടെ അയൽവാസിയായ ചക്രപാണി കണ്ടത്. ചക്രപാണിയാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. ചൊവ്വാഴ്ച ഗോപിയുടെ ഭാര്യാ സഹോദരനായ രമേശൻ ഗോപിയെയും ഷീലയെയും വീട്ടിൽ സന്ദർശിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോകാനായാണ് രമേശൻ വീട്ടിലെത്തിയത്. അപ്പോഴാണ് ഗോപി നിലത്ത് വീണ് കിടക്കുന്നതായി കണ്ടത്. പിന്നാലെ ഗോപി മരിച്ചെന്നും മരിച്ചിട്ട് ദിവസങ്ങളായെന്നും വ്യക്തമായി. വിവരമറിഞ്ഞ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തെത്തി. പിന്നീട് അരൂക്കുറ്റി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

أحدث أقدم