പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് പാലക്കയം ചെത്തിയത്ത് വീട്ടിൽ ബേബി തങ്കമ്മ ദമ്പതിമാരുടെ മകൾ ശില്പയ്ക്കാണ് (24) കുത്തേറ്റത്. ഇവരുടെ ശരീരത്തിൽ അഞ്ച് തവണ കുത്തേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ശിൽപയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർത്താവ് കൈതച്ചിറ സ്വദേശി റോബിനാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി.
ഇന്ന് രാവിലെയാണ് സംഭവം. മൂന്നര വര്‍ഷം മുമ്പാണ് ശിൽപ്പയും ഭര്‍ത്താവ് റോബിനും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കം കൂടിയതോടെ ശിൽപ പാലക്കയത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെയെത്തിയാണ് റോബിൻ ആക്രമിച്ചത്.
കയ്യിലുള്ള കത്തി ഉപയോഗിച്ച് റോബിൻ ശിൽപ്പയെ കുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരുമാണ് ശിൽപ്പയെ രക്ഷിച്ചത്. തുടര്‍ന്ന് റോബിനെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശിൽപ്പയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശിൽപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.