ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം; ഇതാ എളുപ്പ വഴി

തിരുവനന്തപുരം: എന്തെങ്കിലുമൊരു ആവശ്യം വന്നാല്‍ ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം എന്ന് എത്ര പേര്‍ക്കറിയാം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്ന രേഖയായ ആധാര്‍ വാട്‌സ്ആപ്പ് വഴി അനായാസം ഡൗണ്‍‌ലോഡ് ചെയ്യാവുന്നതേയുള്ളൂ. എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.

ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.

വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.

ഇക്കാര്യം ശ്രദ്ധിക്കുക
‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യു‌മെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജി‌ലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.


Previous Post Next Post