
വയനാട്ടിൽ ആത്മഹത്യ ചെയ്ത മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടിശിക അടച്ചുതീർത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്.
എൻ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീർക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോൺഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എൻ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ കോൺഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അർബൻ ബാങ്കിൽ എൻ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീർത്തത്.
വാഗ്ദാനം പാലിച്ചില്ലെങ്കിൽ ഗാന്ധി ജയന്തി ദിനത്തിൽ സത്യാഗ്രഹം ഇരിക്കും എന്ന് വരെ കുടുംബം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി. കോൺഗ്രസ് ആണ് ബത്തേരി അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇവിടെ വിജയന്റെ പേരിൽ എത്ര രൂപയുടെ കടം ഉണ്ടെന്ന് കഴിഞ്ഞദിവസം കെപിസിസി അന്വേഷിച്ച് വ്യക്തത വരുത്തിയിരുന്നു. 2007ൽ 40 ലക്ഷത്തോളം രൂപമാണ് വിജയൻ ബാങ്കിൽ നിന്ന് കടമെടുത്തിരുന്നത്. ഇത് പലതവണ പുതുക്കിയിരുന്നു. പിന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്. സെറ്റിൽമെന്റ് എന്ന നിലയിൽ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചുതീർത്തത്.