5,000 രൂപ വാഗ്‌ദാനം ചെയ്തു; തോക്ക് ചൂണ്ടി 22 വയസുകാരിയെ കാറിൽ ബലമായി കയറ്റാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ..


ഒരു യുവതിയെ ഒരു പുരുഷൻ നിർബന്ധിച്ച് കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. മഥുരയിലെ ബൽദേവിലുള്ള ശ്യാംവീർ സിംഗ് എന്നയാളാണ് യുവതിയെ 5,000 രൂപ വാഗ്‌ദാനം ചെയ്ത് കാറിൽ കയറ്റാൻ ശ്രമിക്കുന്നത്. യുവതി ഇത് അവഗണിച്ചപ്പോൾ അയാൾ അക്രമാസക്തനായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

അയാൾ തന്റെ കയ്യിൽ കരുതിയിരുന്ന പിസ്റ്റളും യുവതിക്ക് നേരെ ചൂണ്ടിയതായി പറയപ്പെടുന്നു. എന്നാൽ, ഏറെ ഞെട്ടിക്കുന്ന കാര്യം ഇയാൾ ഒരു അധ്യാപകനാണ് എന്നുള്ളതാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നു. പൊലീസ് വരും മുമ്പ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ജഗദീഷ്പൂർ നിവാസിയായ 22 -കാരി ശനിയാഴ്ച വൈകുന്നേരം കാർഗിൽ സ്‌ക്വയറിന് സമീപം സുഹൃത്തുക്കളോടൊപ്പം പോയതാണ്. വെള്ളം കുടിക്കാൻ മൂൺ ലൈറ്റ് ഹോട്ടലിന് മുന്നിൽ സ്‌കൂട്ടർ നിർത്തിയപ്പോഴാണ് കാറിൽ വന്ന രണ്ട് പുരുഷന്മാർ അവളുടെ അടുത്തേക്ക് വന്നതും കൂടെച്ചെന്നാൽ പണം നൽകാമെന്ന് പറഞ്ഞതും.

യുവതി അവ​ഗണിച്ചെങ്കിലും ഇരുവരും ആവർത്തിച്ച് യുവതിയെ ശല്ല്യപ്പെടുത്തി. മോശമായി പെരുമാറുന്നതിനെ കുറിച്ച് യുവതി ഇവരെ ചോദ്യം ചെയ്തു. അതോടെയാണ് യുവതിയെ ബലമായി പിടിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത്. യുവതി പ്രതിരോധിച്ചപ്പോൾ ലൈസൻസുള്ള പിസ്റ്റളുമായി അവരെ ഭീഷണിപ്പെടുത്തി. യുവതി ഉറക്കെ സഹായത്തിനായി ബഹളമുണ്ടാക്കിയപ്പോൾ ആളുകൾ ഓടിക്കൂടുകയായിരുന്നു.

സംഭവത്തെ തുടർന്ന് സ്ത്രീ സിക്കന്ദ്ര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ ശ്യാംവീർ സിങ്ങിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി ആഗ്ര പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ ലൈസൻസുള്ള പിസ്റ്റളും കാറും അധികൃതർ പിടിച്ചെടുത്തു. പ്രതിയുടെ തോക്ക് ലൈസൻസ് റദ്ദാക്കാൻ കത്ത് നൽകുമെന്ന് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) സോനം കുമാർ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ഇയാളുടെ കൂട്ടാളിയെയും പോലീസ് തിരയുന്നുണ്ട്.

أحدث أقدم