കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ്റ (34) കൈയിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 843 ഗ്രാം സ്വർണമാണ് പൊലീസ് പിടികൂടിയത്. സോക്സിനുള്ളിൽ വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കരിപ്പൂർ പൊലീസാണ് സ്വർണം പിടികൂടിയത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി പാക് ചെയ്ത് ഓരോ പായ്ക്കറ്റ് വീതം ഇരു കാല്‍പാദങ്ങള്‍ക്കടിയില്‍ അഡ്ഹസീവ് ഉപയോഗിച്ച് ഒട്ടിച്ച് വെച്ചാണ് സ്വര്‍‌ണം കടത്താന്‍ ഇയാള്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് അഭ്യന്തര വിപണിയില്‍ 90 ലക്ഷത്തിന് മുകളില്‍ വില വരും. രാവിലെ ജിദ്ദയില്‍ നിന്നെത്തിയ ഇന്‍ഡിഗോ (6E 66) വിമാനത്തിലാണ് ഇയാള്‍ വിമാനത്താവളത്തിലിറങ്ങിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ഫസലുറഹ്മാനെ, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും തന്‍റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയാറായില്ല. തുടര്‍ന്ന് ഇയാളുടെ ബാഗ്ഗേജും ശരീരവും വിശദമായ പരിശോധന നടത്തിയപ്പോഴാണ് സോക്സിനകത്ത് കാല്‍ പാദത്തിന് അടിയില്‍ ഒട്ടിച്ച നിലയില്‍ 2 പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷന് സമര്‍പ്പിക്കും.