വേടൻ പൊലീസിന് മുന്നിലേക്ക്.. രാവിലെ പത്തുമണിയോടെ സ്റ്റേഷനിലെത്തും



ബലാത്സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിനായി പൊലീസിനു മുന്നില്‍ ഹാജരായേക്കും. രാവിലെ പത്തു മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ വേടന്‍ എത്തുമെന്നാണ് സൂചന. വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി വേടന് നിര്‍ദേശം നല്‍കിയിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സംഗീത ഗവേഷക നല്‍കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസ് എടുത്തിരുന്നു. ഈ കേസിൽ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

പീഡന പരാതി വിവാദങ്ങൾക്കിടെ ഇന്നലെ പ്രതികരണവുമായി വേടൻ രംഗത്തെത്തിയിരുന്നു. ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണെന്നും എന്നാൽ, ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും വേടൻ പറഞ്ഞു. പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്‍റെ പ്രസ്താവന. തന്‍റെയീ ഒറ്റ ജീവിതം ഈ ജനങ്ങൾക്കിടയിൽ ജീവിച്ചു മരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും വേടൻ പറഞ്ഞു. ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
أحدث أقدم