ദമാം: സ്വദേശി യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി, അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകത്തിനിടയായ സംഭവം നടന്നത്.
സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെത്തുടർന്നുണ്ടാ ഉന്തും തള്ളലിൽ സ്റ്റെയർകെയ്സ് പടികളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വിവരം. ഇയാളുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെത്തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അതിവേഗ നീക്കത്തിൽ കൊലപാതകിയായ സ്വദേശി പൗരനെ ഉടൻതന്നെ തിരിച്ചറിഞ്ഞ് കണ്ടെത്തി പിടികൂടി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 7 വർഷമായി സൗദി ദമാമിന് സമീപം ഖത്തീഫിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. അഖിൽ സംഭവസ്‌ഥലത്ത് എത്തിയത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. കൊല്ലപ്പെട്ട യുവാവ് ദമാം ബാദിയയിൽ എന്തിന് പോയെന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്കും വ്യക്തമായ ധാരണയില്ല.
അശോകകുമാർ, സുന്ദരേശൻ നായർ, സിന്ധു തങ്കമ്മ എന്നിവരാണ് മാതാപിതാക്കൾ. അഖിലിനോടൊപ്പം ഖത്തീഫിൽ സന്ദർശക വീസയിൽ ഉണ്ടായിരുന്ന ഭാര്യയും അച്ഛനും അമ്മയും രണ്ടാഴ്ച്‌ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്. രണ്ടു വർഷം മുൻപായിരുന്നു അഖിൽ നാട്ടിലെത്തി വിവാഹിതനായത്. അഖിലിന്റെ റിയാദിലുള്ള സഹോദരൻ ആദർശും ബന്ധുക്കളും ദമാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അഖിലിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി തുടർ നിയമനടപടികൾ ലോക കേരളസഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സംസ്ക്‌കാരം പിന്നീട് നാട്ടിൽ.