വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്‍റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.