കുന്നംകുളം പൊലീസ് കസ്റ്റഡി മർദനം; മുൻപൊലീസ് ഡ്രൈവറെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺ​ഗ്രസ് നേതാവ് ഹർജി നൽകി


        

കുന്നംകുളം പൊലീസ് കസ്റ്റഡി മർദനത്തിൽ മുൻപൊലീസ് ഡ്രൈവർ സുഹൈറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്ത് ഹർജി നൽകി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് സുഹൈർ. നേരത്തെ മറ്റ് 4 പൊലീസ് ഉദ്യോ​ഗസ്ഥരെ പ്രതികളാക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 5 പൊലീസുകാർക്കും എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സുജിത്ത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെ വകുപ്പ്തല പുനരന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.


യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് 2023 ഏപ്രിൽ അഞ്ചിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രണ്ടു കൊല്ലം പൊലീസ് പൂഴ്ത്തിവെച്ച സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരം നല്‍കേണ്ടിവന്നപ്പോള്‍ പുറത്തുവന്നത് സ്റ്റേഷനില്‍ അരങ്ങേറിയ ക്രൂരതയുടെ നേര്‍ ചിത്രമാണ്. മര്‍ദ്ദനത്തില്‍ സുജിത്തിന് കേള്‍വിശക്തി നഷ്ടമായിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ സുഹ്മാന്‍, സിപിഒ മാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചത്.

ചൊവ്വല്ലൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് സംഘം മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെ സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചു. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെ എന്ന് കണ്ടെത്തിയുതോടെ കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന് കേള്‍വിക്ക് തകരാറുണ്ടെന്ന് കണ്ടെത്തി. ‌

പിന്നീടുണ്ടായത് സുജിത്തിന്‍റെ നീണ്ട നിയമ പോരാട്ടമായിരുന്നു. മര്‍ദ്ദനത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് നല്‍കിയ വിവരാവകശം സ്റ്റേഷനും കുന്നംകുളം എസിപിയും നിരസിച്ചു. ആ സമയം സ്റ്റേഷനില്‍ പോക്സോ പ്രതി ഉണ്ടെന്ന ന്യായം പറഞ്ഞായിരുന്നു അത്. ദൃശ്യം നശിപ്പിക്കപ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുജിത്ത് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീലില്‍ സുജിത്തിന് അനുകൂല ഉത്തരവുണ്ടാകുകയും ചെയ്തു.

أحدث أقدم