അയല്‍ക്കാരന്റെ പേര് പട്ടിക്ക് ഇട്ടതിനെ തുടര്‍ന്ന് തര്‍ക്കവും ബഹളവും പൊലീസ് കേസും. ഒരു യുവാവാണ് അയല്‍ക്കാരന്റെ പേര് സ്വന്തം പട്ടിക്കിട്ടത്. പിന്നാലെ അയൽക്കാർ തമ്മിൽ പൊരിഞ്ഞ അടി.മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
ഭൂപേന്ദ്രസിങ് എന്ന യുവാവാണ് തന്റെ പട്ടിക്ക് ‘ശര്‍മ്മാജി’ എന്ന് പേരിട്ടത്. അയല്‍ക്കാരായ വീരേന്ദ്ര ശര്‍മ്മക്കും ഭാര്യ കിരണിനും ഈ വിളി കേട്ട് കേട്ട് സഹിക്കാന്‍ കഴിയാതെയായി. ശര്‍മ്മ എന്ന പേരിട്ട് ശര്‍മ്മാജി എന്ന് വിളിക്കുന്നത് തന്നെ അപമാനിക്കാനാണെന്നും മറ്റുള്ളവരുടെ മുന്‍പില്‍വച്ച് പറയുന്ന കാര്യങ്ങള്‍ തന്നെ കൊള്ളിച്ചുള്ളവയാണെന്നും പരാതിയില്‍ വീരേന്ദ്ര ശര്‍മ്മ ആരോപിച്ചു.
തര്‍ക്കം മൂത്തതോടെ ഭൂപേന്ദ്രസിങും സുഹൃത്തുക്കളും തെറി വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കിരണ്‍ ശര്‍മ്മ പരാതിപ്പെട്ടു. മര്‍ദ്ദനത്തില്‍ തങ്ങള്‍ക്ക് പരുക്കേറ്റതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. രാജേന്ദ്രനഗര്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവരും പരാതി നല്‍കിയത്. ഭൂപേന്ദ്രയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു.