യുവ മാധ്യമപ്രവർത്തകൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഓഫീസിൽ നിന്ന് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു. സിറാജ് പത്രത്തിലെ സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. ജാഫറിനെ കാറിടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ‌ പുറത്ത് വന്നിരിക്കുന്നത്. അമിതവേ​ഗതയിൽ കാർ വരുന്നതും ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇടിച്ച കാർ കുറച്ചുദൂരം പോയി നിർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ശനിയാഴ്ച രാത്രി 12.50ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാഫർ ഇന്ന് രാവിലെയാണ് മരിച്ചത്

ജോലി കഴിഞ്ഞ് കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസില്‍ നിന്നും ഇറങ്ങിയതായിരുന്നു ജാഫര്‍. ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ ജാഫറിനെയും കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനായ അസീസിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അസീസ് അദ്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ജാഫറിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിറാജ് പത്രത്തിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്ത ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. കണ്ണൂര്‍ മുണ്ടേരിമൊട്ട കോളില്‍മൂല സ്വദേശിയാണ്. പുതിയപുരയില്‍ അബ്ദു റഹീം – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്