
നിയമം ലംഘിച്ച് വാഹനം ഓടിച്ച പൊലീസ്, സ്വകാര്യബസിന് പിഴയിട്ടു. തൃശ്ശൂർ-കൊടുങ്ങല്ലൂർ റോഡിൽ സർവീസ് നടത്തുന്ന അലീന ലിമിറ്റഡ് സ്റ്റോപ്പ് ബസിനാണ് പൊലീസ് പിഴയിട്ടത്. തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജങ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
കോളേജ് റോഡ് ജങ്ഷന്റെ കിഴക്കുഭാഗത്ത് നിർമാണം നടക്കുന്നതിനാൽ വാഹനനിയന്ത്രണമുണ്ട്. ഇരിങ്ങാലക്കുടയിൽനിന്നുള്ള വാഹനങ്ങൾക്ക് പടിഞ്ഞാറുഭാഗത്തുകൂടി മാത്രമാണ് കടന്നുപോകാൻ കഴിയുക. തൃശ്ശൂരിൽനിന്നുള്ള വാഹനങ്ങൾ കിഴക്കുഭാഗത്തുകൂടി പോകണം. ഇവിടെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. അതിനിടെയാണ് നിര തെറ്റിച്ച് പൊലീസ് വാഹനം പടിഞ്ഞാറുഭാഗത്തുകൂടി ലൈറ്റിട്ട് കയറിവന്നത്.
ഇരിങ്ങാലക്കുടയിൽനിന്നുള്ള സ്വകാര്യബസിനു മുന്നിലാണ് പൊലീസ് വാഹനമെത്തിയത്. ശരിയായ ദിശയിൽ വന്ന സ്വകാര്യബസ് പൊലീസ് വാഹനത്തിന് തടസ്സമായത് പൊലീസിനെ പ്രകോപിപ്പിച്ചു. ബസിലെ ജീവനക്കാരൻ ഇറങ്ങി തൃശ്ശൂർ ഭാഗത്തുനിന്നുള്ള, വരിയായി കിടന്ന വാഹനങ്ങൾ നിയന്ത്രിച്ച് ജീപ്പിന് വഴിയൊരുക്കിയെങ്കിലും പൊലീസ് ഡ്രൈവർ ബസിന്റെ ഫോട്ടോ എടുക്കുകയും ഗതാഗതനിയമലംഘനത്തിന് 500 രൂപ പിഴ ഇടുകയുമായിരുന്നു.