
വയനാട്ടിൽ മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെപിസിസി നേതൃത്വം കുടുബത്തിന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് വിജയൻ്റെ മരുമകൾ പത്മജ. കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപെട്ടെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത് ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നു ഇകാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും പണം നൽകാമെന്ന് ടി സിദ്ദിഖ് എംഎൽഎയാണ് കരാർ ഒപ്പിട്ടത്. കരാർ വാങ്ങാൻ വക്കീലിൻറെ അടുത്ത് പോയപ്പോൾ സിദ്ദിഖ് ദേഷ്യപ്പെട്ടു. ഭർത്താവ് ആശുപത്രിയിലായിരുന്നപ്പോൾ പോലും ബിൽ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് കൊന്നൊടുക്കുന്നു. കള്ളന്മാർ വെള്ളയും വെള്ളയും ഇട്ടു നടക്കുന്നു, പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നു. കോൺഗ്രസിൻറെ ഔദാര്യം ഇനി ആവശ്യമില്ല എന്നും പത്മജ പറഞ്ഞു.
ഇതുവരെ 20 ലക്ഷമാണ് കോൺഗ്രസ് നൽകിയത്. രണ്ടരക്കോടിയുടെ ബാധ്യതയുടെ കണക്കാണ് കുടുംബം നൽകിയത്. കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത കഴിയാവുന്ന വേഗത്തിൽ തീർക്കുമെന്ന് നേതാക്കൾ വിജയൻറെ കുടുംബാംഗങ്ങൾക്ക് വാക്ക് നൽകിയിരുന്നു. കോഴിക്കോട് ഡി സി സി ഓഫീസിൻറെ ഉദ്ഘാടന ചടങ്ങിൽ കുടുംബം പരാതിയുമായി എത്തിയതോടെയാണ് പാർട്ടി സാമ്പത്തിക ബാധ്യത തീർക്കാം എന്ന് കുടുംബത്തെ അറിയിച്ചത്. കെ പി സിസി നിയോഗിച്ച ഉപസമിതി തിരിഞ്ഞു നോക്കുന്നില്ലെന്നായിരുന്നു കുടുംബാംഗങ്ങൾ ഉന്നയിച്ച പരാതി. ഇതിനു പിന്നാലെയാണ് നേതാക്കൾ കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയത്. എന്നാൽ നിലവിൽ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നാണ് എൻ എം വിജയൻറെ മരുമകൾ നിലവിൽ ആരോപിക്കുന്നത്.