ട്രെയിൻ യാത്രകൾ പേടിസ്വപ്നം; അസഹ്യമായ തിരക്കിൽ വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും



കോട്ടയം:കേരളത്തിലെ ട്രെയിൻ യാത്രകൾ ദിനംപ്രതി പേടിസ്വപ്നമായി മാറുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എറണാകുളം, കോട്ടയം സ്റ്റേഷനുകളിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പുറപ്പെടുന്ന ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്ക്, വിദ്യാർത്ഥികളെയും ഓഫീസ് ജീവനക്കാരെയും അസഹനീയമായ ദുരിതത്തിലാഴ്ത്തുകയാണ്.ഉച്ചയ്ക്ക് പരശുറാം എക്സ്പ്രസ് കടന്നുപോയാൽ ഏറെ നേരം സർവീസ് ഇല്ലാത്തതാണ് വൈകുന്നേരങ്ങളിൽ അസാധാരണമായ തിരക്കിന് കാരണമാകുന്നത്. തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ പ്രവർത്തനം ആരംഭിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർ സ്വകാര്യവാഹനങ്ങൾ ഉപേക്ഷിച്ച് റെയിൽവഴിയിലേക്ക് തിരിഞ്ഞതും പ്രശ്നം രൂക്ഷമാക്കി.കൊച്ചി മെട്രോ ഇടവേള ചുരുക്കി ഫീഡർ ബസുകൾ അവതരിപ്പിച്ച് കൂടുതൽ യാത്രക്കാരെ ആകർഷിക്കുമ്പോൾ റെയിൽവകുപ്പ് യാത്രാസൗകര്യം വർദ്ധിപ്പിക്കാതിരുന്നതും യാത്രാക്ലേശത്തിന് വഴിവെച്ചതായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി മേഖലകളിലെ വിദ്യാർത്ഥികളും എം.ജി. സർവകലാശാല, മെഡിക്കൽ കോളേജ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും ദിനേന ഏറ്റുമുട്ടുന്നത് തിങ്ങിനിറഞ്ഞ കോച്ചുകളിലാണ്. ചിലപ്പോഴൊക്കെ ചവിട്ടുപടിയും ടോയ്‌ലറ്റ് ഇടനാഴിയും വരെ യാത്രക്കാരാൽ നിറഞ്ഞ് വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് അവർ യാത്ര ചെയ്യേണ്ടിവരുന്നത്.റെയിൽവകുപ്പിന് വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന സർവീസുകളുടെ എണ്ണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നതാണ് ഏറ്റവും വലിയ പരാതിയായി ഉയരുന്നത്.
أحدث أقدم