
ഇടുക്കി അടിമാലിയിൽ ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച അടിമാലി പൊളിഞ്ഞപാലം താണിക്കുഴി അന്നക്കുട്ടി അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് അടിമാലി സെൻറ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ.
പെൻഷൻ മുടങ്ങിയതോടെ അന്നക്കുട്ടിയും സുഹൃത്ത് മറിയക്കുട്ടിയും ഭിക്ഷ യാചിച്ച് നടത്തിയ പ്രതിഷേധം വിവാദമായിരുന്നു. 2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടിയും അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് സമരം നടത്തിയത്. വേറിട്ട സമരത്തിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ചതിന് പിന്നാലെ ഇരുവര്‍ക്കും സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം, ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. മറിയക്കുട്ടി പിന്നീട് ബിജെപിയിൽ ചേർന്നു.