കൊച്ചി: ഓണക്കാലത്തെ ലഹരിവ്യാപനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെസിബിസി ടെമ്പറൻസ് കമ്മീഷൻ. ഓണം പോലുള്ള ആഘോഷ സീസണിൽ മദ്യവും ലഹരിയും അക്രമവും വ്യാപകമായുണ്ടായാൽ സർക്കാരിന് കൂട്ടുത്തരവാദിത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് ടെമ്പറൻസ് കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയോഡോഷ്യസ് പറഞ്ഞു.
ആഘോഷാവസരങ്ങൾ കഴിയുമ്പോൾ കോടിക്കണക്കിനു രൂപയുടെ മദ്യം വിറ്റഴിച്ചുവെന്ന കണക്കു പുറത്തുവിടാൻ ഭരണാധികാരികൾ വെമ്പൽകൊള്ളുകയാണെന്നും വിമര്‍ശനം ഉന്നയിച്ചു. മദ്യപാനത്തിന്റെയും മാരക രാസലഹരി ഉപയോഗത്തിന്റെയും വർധന സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ സാധാരണ ജനത്തിന്റെ മാനസിക രോഗാവസ്ഥയെയാണ്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും മാരക ലഹരികൾ മൂലം അക്രമങ്ങൾ പെരുകുകയാണ്. മനുഷ്യന്റെ ലഹരിആസക്തി എന്ന ബലഹീനതയെ അബ്കാരികളും ഭരണക്കാരും ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.