ചർച്ചകൾക്കൊടുവിൽ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് വീണ്ടും ഡി രാജ.. ഇത് മൂന്നാം ഊഴം..


കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ദേശീയ ജനറൽ സെക്രട്ടറിയായി ഡി രാജ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് അദ്ദേഹത്തിൻ്റെ മൂന്നാമത്തെ ഊഴമാണ്. പുതിയ ദേശീയ കൗൺസിൽ യോഗം അംഗീകാരം നൽകിയതോടെ, തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ദളിത് നേതാവായ രാജ ഈ സുപ്രധാന സ്ഥാനത്ത് തുടരാൻ തീരുമാനമായി. നിലവിൽ എഴുപത്തിയാറ് വയസാണ് അദ്ദേഹത്തിന്.

കോളേജ് പഠനകാലത്ത് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷനിലൂടെയാണ് ഡി രാജ പൊതുരംഗത്തേക്ക് എത്തുന്നത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ.

1975 മുതൽ 1980 വരെ: ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.


1985 മുതൽ 1990 വരെ: ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ദേശീയ കൗൺസിലിൻ്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.


1994 മുതൽ 2019 വരെ: സിപിഐയുടെ ദേശീയ സെക്രട്ടറിയായി തുടർന്നു.


പാർലമെൻ്ററി രംഗം: 2007-ലും 2013-ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ വിവിധ പാർലമെൻ്ററി കമ്മിറ്റികളിലും അംഗമായിരുന്നു.


2019 ജൂലൈയിലാണ് എസ്. സുധാകർ റെഡ്ഡി ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഡി രാജ ആദ്യമായി ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്. പിന്നീട് 2022-ലെ വിജയവാഡ പാർട്ടി കോൺഗ്രസിലും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

രാജയെ വീണ്ടും തിരഞ്ഞെടുത്തതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പ്രായപരിധിയെച്ചൊല്ലി വലിയ തർക്കങ്ങൾ ഉടലെടുത്തു. 75 വയസ്സ് പൂർത്തിയായ എല്ലാ നേതാക്കളും പദവികളിൽ നിന്ന് വിരമിക്കണമെന്നായിരുന്നു ദേശീയ എക്‌സിക്യൂട്ടീവിൽ ഉയർന്നുവന്ന ആദ്യ നിർദേശം. ഈ ചർച്ചകൾക്കിടെ, താൻ പാർട്ടിക്കുവേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയാണെന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി രാജ വികാരാധീനനാവുകയായിരുന്നു.


തുടർന്ന്, മൂന്നര മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിൽ, ഡി രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവ് നൽകാൻ കേരള ഘടകം വഴങ്ങി. എന്നാൽ 75 വയസ്സ് പൂർത്തിയായ മറ്റ് നേതാക്കൾ നിർബന്ധമായും വിരമിക്കണമെന്ന നിലപാടിൽ കേരള ഘടകം ഉറച്ചുനിന്നു.



ഡി രാജയ്ക്ക് മാത്രം ഇളവ് നൽകുന്നതിനെതിരെ ചില പ്രതിനിധികൾ രംഗത്തെത്തുകയും ചെയ്തു. “ആരും ഭരണഘടനയ്ക്ക് മുകളിലല്ല” എന്ന് ലതാ ദേവി റിപ്പോർട്ട് അവതരണത്തിനിടെ തുറന്നടിച്ചു. കൂടാതെ, വി.എസ്. സുനിൽകുമാറും രാജാജി മാത്യു തോമസും പ്രായപരിധി ഇളവ് നൽകുന്നതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.


കേരളത്തിൽ നിന്നുള്ള സിപിഐ ദേശീയ കൗൺസിൽ അംഗങ്ങളായി ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, ജെ. ചിഞ്ചുറാണി, അഡ്വ. പി. വസന്തം, രാജാജി മാത്യു തോമസ്, പി. പ്രസാദ്, കെ. രാജൻ, പി.പി. സുനീർ, ജി.ആർ. അനിൽ, ചിറ്റയം ഗോപകുമാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.ജെ. അഞ്ചലോസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


പ്രായപരിധിയുടെ പേരിൽ കേന്ദ്ര സെക്രട്ടറിയേറ്റിൽ നിന്ന് പുറത്താകുന്ന മുതിർന്ന നേതാക്കളായ ഡോ. കെ. നാരായണ, പല്ലഭ് സെൻ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവരെ കൺട്രോൾ കമ്മീഷൻ അംഗങ്ങളായി നിയമിക്കാനും തീരുമാനമായി. കൺട്രോൾ കമ്മീഷൻ അംഗങ്ങൾക്ക് ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ സാധിക്കും.

أحدث أقدم