
തെങ്ങ് കയറുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ തൊഴിലാളിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് മേപ്പയ്യൂര്‍ മഠത്തുംഭാഗം മൈത്രി നഗറില്‍ തണ്ടേത്താഴകുന്നത്ത് മീത്തല്‍ ദാമോദരനാണ് അപകടത്തില്‍പ്പെട്ടത്. കൂളിക്കണ്ടി ബാലകൃഷ്ണന്‍ എന്നയാളുടെ പറമ്പിലെ തെങ്ങില്‍ കയറുന്നതിനിടെ തൊട്ടടുത്ത വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ ദാമോദരന്‍ തെങ്ങുകയറ്റ യന്ത്രത്തില്‍ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു.
വീട്ടുകാര്‍ ബഹളം വെച്ചതിനെ ഓടിയെത്തിയ നാട്ടുകാരില്‍ രണ്ട് പേര്‍ തെങ്ങില്‍ കയറി ഇയാളെ താങ്ങി നിര്‍ത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങളായ ശ്രീകാന്ത്, സോജു, രജീഷ്, വിനീത് എന്നിവര്‍ തെങ്ങില്‍ കയറി കയറും റെസ്‌ക്യൂ നെറ്റും ഉപയോഗിച്ച് ദാമോദരനെ താഴെയിറക്കുകയും ചെയ്തു. അവശനായ ഇയാളെ അഗ്നിരക്ഷാസേനയുടെ തന്നെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.