ആഗോള അയ്യപ്പസംഗമം.. സുരേഷ് ഗോപി വിട്ടു നിൽക്കും…


        
ആഗോള അയ്യപ്പസംഗമത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തേക്കില്ലെന്ന് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിച്ചിരുന്നു. സംഘപരിവാര്‍ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്ഷണം നിരസിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടിലാണ് ബിജെപി നേതൃത്വവും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.

ആകെ 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സം​ഗമത്തിൻ്റെ രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. ആത്മീയ നേതാക്കളും അയ്യപ്പഭക്തരും ജനപ്രതിനിധികളും പങ്കെടുക്കുമെന്നും പി പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ലെന്നും രാഷ്ട്രീയം പാടില്ല എന്നതാണ് തീരുമാനമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ‍ൻ്റ് വ്യക്തമാക്കി. രാഷ്ട്രീയ വിമുക്തമായി ആണ് സംഗമം സംഘടിപ്പിക്കുന്നതെന്നും പി പ്രശാന്ത് ചൂണ്ടിക്കാണിച്ചു.


        

أحدث أقدم