അബുദാബി സാധനങ്ങൾ കൃത്യസമയത്ത് വീട്ടിലെത്താൻ ഇനി ആകാശത്തേയ്ക്ക് നോക്കിയാൽ മതി. ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ഡ്രോൺ ഉപയോഗിച്ചുള്ള പാഴ്സൽ വിതരണം വിജയകരമായി പരീക്ഷിച്ച് അബുദാബി. ഭാവിയിലെ ഗതാഗത സംവിധാനങ്ങൾ എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ സൂചന നൽകുന്നതാണ് ഈ പരീക്ഷണം.
അബുദാബി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (ഐടിസി) സ്മാർട്ട് ഡെലിവറി സൊല്യൂഷൻസ് കമ്പനിയായ 'ലോഡ് ഓട്ടോണമസു'മായി ചേർന്നാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. അൽ സംഹയിൽ നിന്ന് കിസാദിലേക്ക് റോബട്ടിക് കൈകളോടുകൂടിയ ഡ്രോൺ വഴി പാഴ്സൽ എത്തിച്ചായിരുന്നു പരീക്ഷണം.
കൃത്യമായ നാവിഗേഷൻ സംവിധാനമുപയോഗിച്ച്
നടത്തിയ ഈ പരീക്ഷണം പൂർണ വിജയമായിരുന്നു. ഇത്, അബുദാബിയെ സ്മാർട്ട് മൊബിലിറ്റിയുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്. സാധാരണ ഡെലിവറി രീതികൾക്ക് ദിവസങ്ങൾ വേണ്ടിവരുമ്പോൾ ഡ്രോണുകൾ വഴി മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്ന് 'ലോഡ് ഓട്ടോണമസ്' സിഇഒ റാഷിദ് മത്തർ അൽ മനായി പറഞ്ഞു .
ഇ-കൊമേഴ്സ് മേഖലയുടെ വളർച്ചയ്ക്ക് ഇത്
നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടര ക്വിന്റൽ ഭാരം വഹിക്കാൻ 'ഹിലി' ഡ്രോണുകൾക്ക് പുറമേ, ഭാരമുള്ള ചരക്കുകൾ വ്യോമമാർഗം കൊണ്ടുപോകാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോണമസ് 'ഹിലി'യെക്കുറിച്ചുള്ള വിവരങ്ങളും ലോഡ് ഓട്ടോണമസ് പുറത്തുവിട്ടു. 250 കിലോഗ്രാം വരെ ഭാരം 300 കിലോമീറ്റർ ദൂരത്തേയ്ക്ക് വഹിക്കാൻ ശേഷിയുള്ളതാണ് ഈ വിമാനം. ഇലക്ട്രിക് മോട്ടോറുകളും പെട്രോൾ എൻജിനും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഈ ഹൈബ്രിഡ് സംവിധാനം ഇന്ധനക്ഷമത
ഇന്ധനക്ഷമത വർധിപ്പിക്കുന്നു.
'വിമാനത്താവളങ്ങളുടെ ആവശ്യമില്ലാതെ ലംബമായി പറന്നുയരാനും ഇറങ്ങാനും 'ഹിലി'ക്ക് സാധിക്കും. ഇത് ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ ചരക്ക് നീക്കത്തിന് വഴിയൊരുക്കും. ഇടത്തരം ദൂരങ്ങളിലുള്ള ചരക്ക് ഗതാഗതത്തിൽ 'ഹിലി' ഒരു വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ഇത് ലോജിസ്റ്റിക്സ് ഹബ്ബുകളെ ബന്ധിപ്പിക്കാനും വിതരണ ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും.