
നടനും പ്രമുഖ അവതാരകനുമായ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ നിന്ന് വെല്ലൂരിലേക്ക് മാറ്റി. ഓഗസ്റ്റ് 24-ന് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ രാജേഷ് കഴിഞ്ഞ 29 ദിവസമായി ലേക് ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് 47 വയസ്സുള്ള രാജേഷിന് ഹൃദയാഘാതമുണ്ടായത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോഎൻററോളജി, ഒഫ്താൽമോളജി വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ ഒരു പ്രത്യേക മെഡിക്കൽ സംഘമാണ് അദ്ദേഹത്തെ പരിചരിച്ചത്. തുടർ ചികിത്സയുടെ ഭാഗമായി കൂടുതൽ സ്പെഷലൈസ്ഡ് റീഹാബിലിറ്റേഷനായിട്ടാണ് വെല്ലൂരിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്.
രാജേഷിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വെന്റിലേറ്റർ സംവിധാനങ്ങളുള്ള എയർ ആംബുലൻസിലാണ് അദ്ദേഹത്തെ കൊച്ചിയിൽ നിന്ന് വെല്ലൂരിലേക്ക് മാറ്റിയത്. ഈ യാത്ര ഒരുക്കാനും ചികിത്സയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും ഒപ്പം നിന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.എ. യൂസഫലി, വേഫയർ ഫിലിംസ് ടീം, സുഹൃത്തുക്കളായ സ്വരാജ്, ശ്രീനി, രാജാകൃഷ്ണൻ, രാജീവ് വാര്യർ, പ്രേം, ഷമീം എന്നിവരുൾപ്പെടെയുള്ളവർക്ക് പ്രതാപ് ജയലക്ഷ്മി നന്ദി രേഖപ്പെടുത്തി.
രാജേഷിന്റെ സഹോദരൻ രൂപേഷും ഭാര്യ സിന്ധുവും അദ്ദേഹത്തോടൊപ്പം വെല്ലൂരിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാൻ എല്ലാവരുടെയും പ്രാർത്ഥന തുടരണമെന്നും അദ്ദേഹം എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും പ്രതാപ് ജയലക്ഷ്മി പ്രതീക്ഷ പ്രകടിപ്പിച്ചു.