കോട്ടയം : പുലർച്ചെ ഡ്യൂട്ടിക്ക് പോയ കെഎസ്ആർടിസി ബസ് ഡ്രൈവർ പുലർച്ചെകുഴഞ്ഞുവീണു മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ പുതുപ്പള്ളി പെരുങ്കാവ് വാഴഞ്ഞാറ സിബി സേവിയർ ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ നാലുമണിക്ക് ഇപ്പോൾ താമസിക്കുന്ന മാങ്ങാനം സമീപത്തെ വീട്ടിൽ നിന്നും ജോലിക്ക് ഇറങ്ങിയതാണ് സിബി. പുലർച്ചെ 5 മണിക്കുള്ള കോയമ്പത്തൂർ ബസ്സിന്റെ ഡ്രൈവർ ആയിരുന്നു. ഡിപ്പോയിലേക്ക് പോകുന്ന വഴി കഞ്ഞിക്കുഴി മടുക്കാനി വളവിൽ വെച്ച് ബൈക്കിന്റെ പെട്രോൾ തീർന്നു.
പിന്നീട് ബൈക്ക് തള്ളിക്കൊണ്ട് പോയ വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഇതുവഴി വന്നവർ ചേർന്ന് ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മൊർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.