സംസ്ഥാനത്ത് പൂക്കച്ചവടത്തെ ചൊല്ലി വീണ്ടും ആക്രമണം.. യുവാവിന് വെട്ടേറ്റു, ആക്രമണം കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ..


        

ഒറ്റപ്പാലത്ത് കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. പൂ കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പത്തിരിപ്പാല മണൽ പറമ്പിൽ സൈതാലി ആണ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച്. ഓണത്തോടനുബന്ധിച്ച് മായന്നൂർ പാലത്തിന് സമീപം സെയ്താലി പൂക്കച്ചവടം നടത്തിയിരുന്നു. ഈ കടയിലെ തൊഴിലാളിയായിരുന്നു ഫെബിൻ

ജോലി ചെയ്ത കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു കടയുടമ ഫെബിനെ വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഫെബിന്റെ കഴുത്തിലും തലയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടമ സൈതാലി ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് പ്രതിക്കെതിരെ ഒറ്റപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം തലസ്ഥാനത്ത് ഇന്നലെ നടന്ന മറ്റൊരു സംഭവത്തിൽ പൂവ് വെട്ടുന്ന കത്രിക ഉപോയോഗിച്ച് പൂ കച്ചവടക്കാരനെ ജീവനക്കാരൻ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആയിരുന്നു സംഭവം. പൂവ് വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. രാജൻ എന്നയാളുടെ ഉടമസ്ഥതയിൽ നെടുമങ്ങാട് -കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്നേഹ ഫ്ലവർ മാർട്ടിലായിരുന്നു സംഭവം. പൂ കച്ചവടക്കാരനും കടയുടമ രാജനുമായി പിച്ചി-മുല്ല പൂവ് വിറ്റതിനെച്ചൊല്ലി തർക്കം ഉണ്ടായി. ഇത് കണ്ടുകൊണ്ട് വന്ന കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാർ കച്ചവടക്കാരനായ അനീസ് കുമാറിനെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് അക്രമിക്കുകയിരുന്നു. അനീസിന്റെ നെഞ്ചിലാണ് കുത്തേറ്റത്.


ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനീസിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീസിന്‍റെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ കടയുടമയായ രാജനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതി കട്ടപ്പ കുമാർ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്


أحدث أقدم