രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം തുടരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത നിയന്ത്രണം. കൊച്ചി നേവൽ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യൂ റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് എറണാകുളം ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
ഇന്ന് കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി വൈകിട്ട് നാല് മണിയോടെ ഹെലികോപ്റ്ററിൽ കോട്ടയം പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. ഇന്ന് കുമരകത്താകും രാഷ്ട്രപതി ദ്രൗപതി മുർമു തങ്ങുക. നാളെയാണ് രാഷ്ട്രപതി കൊച്ചിയിൽ എത്തുന്നത്. നാളെ രാവിലെ കുമരകത്ത് നിന്ന് റോഡ് മാർഗം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. കൊച്ചിയിലാണ് നാളെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.