
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂരിൽ കൃഷിയിടങ്ങൾക്ക് വ്യാപകമായി നാശനഷ്ടമുണ്ടാക്കിയിരുന്ന 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചിൻ്റെയും ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ ഈ ദൗത്യം, 18 മണിക്കൂറിലധികം നീണ്ടുനിന്നു.
സമീപകാലത്ത് കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി നടത്തിയ ഏറ്റവും വലിയ നടപടിയായാണ് ഷൂട്ടർമാർ ഇതിനെ വിശേഷിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നുള്ള അംഗീകൃതരായ ഒമ്പത് ഷൂട്ടർമാരാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. ഇവർക്ക് പിന്തുണ നൽകാൻ 20-ഓളം സഹായികളും ആറ് പരിശീലനം ലഭിച്ച വേട്ടനായ്ക്കളും സംഘത്തിലുണ്ടായിരുന്നു.
കാട്ടുപന്നികളെ തുരത്തുന്നതിനും വെടിവെച്ച് കൊല്ലുന്നതിനുമുള്ള ഈ നടപടിക്ക് നേതൃത്വം നൽകിയ ഷൂട്ടർമാർ ഇവരാണ്: അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി ജെ തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ, ഷാൻ കെ പി, വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട്.
ജനങ്ങളുടെ ഉപജീവനമാർഗങ്ങളെയും കൃഷിയെയും ബാധിച്ചിരുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായാണ് അധികൃതർ ഇത്തരമൊരു വൻ ദൗത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്