ഓപ്പറേഷൻ നുംഖോർ: അമിത്തിന്റെ അടക്കം 3 വാഹനങ്ങൾ കൂടി പിടിച്ചെടുത്തു; ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് കസ്റ്റംസ്


        

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് മൂന്ന് വാഹനങ്ങൾ കൂടി പിടിച്ചെടുത്തു. നടൻ അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും പാലക്കാട് സ്വദേശിയുടെ ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. വാഹനങ്ങൾ കൊച്ചിയിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ പരിശോധന നടത്തിയിരുന്നു. കൊച്ചി പനമ്പള്ളി നഗറിൽ മമ്മൂട്ടിയുടെ പഴയ വീടായ മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുൽഖറും ഇപ്പോൾ താമസിക്കുന്ന എളംകുളത്തെ വീട്, ദുൽഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ തോപ്പുംപടിയിലെ ഫ്‌ളാറ്റ്, അമിത് ചക്കാലക്കലിന്റെ എറണാകുളം നോർത്തിലെ വീട് എന്നിവിടങ്ങളിൽ അടക്കമായിരുന്നു പരിശോധന. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധന രാത്രി വരെ നീണ്ടിരുന്നു.

ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ നടന്മാരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്ന് അർത്ഥം വരുന്ന നുംഖോർ എന്നായിരുന്നു കസ്റ്റംസ് സംഘം ഓപ്പറേഷന് നൽകിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂർ കണ്ണികളെ ഒരു വർഷം മുൻപ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ രേഖകളിൽ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോർവാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.

Previous Post Next Post